04:41am 07 November 2026
NEWS
മാരിടൈം ട്രൈബ്യൂണൽ: കാലഘട്ടത്തിന്റെ ആവശ്യം
18/06/2025  08:22 AM IST
സുരേഷ് വണ്ടന്നൂർ
മാരിടൈം ട്രൈബ്യൂണൽ: കാലഘട്ടത്തിന്റെ ആവശ്യം

തിരുവനന്തപുരം: ഇന്ത്യയുടെ തീരങ്ങളിൽ വർധിച്ചുവരുന്ന കപ്പൽ ഗതാഗതം, അനുദിനം വർധിച്ചുവരുന്ന കപ്പൽ അപകടങ്ങളും അതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും ഉയർത്തുന്ന വെല്ലുവിളികൾക്ക് തക്കതായ പരിഹാരം കാണേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയുടെ ഭാഗമായി വർധിച്ചുവരുന്ന സമുദ്രവ്യാപാരവും, വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടുകൂടി കേരള തീരത്ത് കപ്പലുകളുടെ എണ്ണം കൂടിയതും, മാരിടൈം കേസുകൾ കൈകാര്യം ചെയ്യാനായി ഒരു പ്രത്യേക ട്രൈബ്യൂണലിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൊച്ചി തീരത്ത് എം.എസ്.സി എൽസ-3 കപ്പൽ മുങ്ങിയതും ബേപ്പൂർ തീരത്ത് വാൻ ഹായ്-503 കപ്പലിന് തീപിടിച്ചതും വലിയ നിയമ പോരാട്ടങ്ങളിലേക്ക് നയിക്കുന്ന കേസുകളാണ്. കേരളത്തിൽ വിഴിഞ്ഞവും കൊച്ചിയുമെന്ന രണ്ട് വലിയ തുറമുഖങ്ങളും 16 ചെറു തുറമുഖങ്ങളുമുണ്ടെന്നത് ഈ വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

നിലവിലെ വെല്ലുവിളികൾ

നിലവിൽ, അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളാണ് മാരിടൈം കേസുകൾ കൈകാര്യം ചെയ്യുന്നത്. മറ്റ് കേസുകളുടെ ആധിക്യം കാരണം ഈ കേസുകളിൽ തീരുമാനമെടുക്കാൻ വലിയ കാലതാമസം നേരിടുന്നു. കടൽ നിയമങ്ങൾ വളരെ സങ്കീർണ്ണമായതിനാൽ, കേസുകളിലെ കാലതാമസം കക്ഷികൾക്ക് തിരിച്ചടിയാകുകയും മലിനീകരണ വിധേയമായ കടൽ പൂർവസ്ഥിതിയിലാക്കാൻ ആവശ്യമായ ഭീമമായ തുക ലഭിക്കാൻ തടസ്സമുണ്ടാക്കുകയും ചെയ്യും.

മാരിടൈം ട്രൈബ്യൂണൽ ഒരു പരിഹാരം

ഇന്ത്യയിൽ കടലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക മാരിടൈം ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് ഈ പ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാകും. ഇത് കേസുകളിൽ തീർപ്പുണ്ടാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സഹായിക്കും. മുംബൈ, ചെന്നൈ, കൊൽക്കത്ത, കൊച്ചി തുടങ്ങിയ പ്രധാന തുറമുഖ നഗരങ്ങളിൽ ട്രൈബ്യൂണലിന്റെ പ്രാദേശിക ബെഞ്ചുകൾ സ്ഥാപിക്കുന്നത് അതിന്റെ പ്രവർത്തനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കും.

സമുദ്ര നിയമ വിദഗ്ധർ, മുൻ അഡ്മിറാലിറ്റി ജഡ്ജിമാർ, കപ്പൽ മേഖലയിൽ വൈദഗ്ധ്യമുള്ളവർ എന്നിവരെ ട്രൈബ്യൂണലിൽ അംഗങ്ങളാക്കണം. ഇത്തരത്തിലുള്ള ഒരു സംവിധാനം, കടൽ നിയമങ്ങളിലെ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യാനും അതിവേഗം നീതി ലഭ്യമാക്കാനും സഹായിക്കും.

ആഗോളതലത്തിലെ നിയമപരമായ മാറ്റങ്ങൾ

കേവലം ഒരു ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് മാത്രമല്ല, ആഗോളതലത്തിലും ദേശീയതലത്തിലും നിയമഭേദഗതികൾ വരുത്തേണ്ടതും അത്യാവശ്യമാണ്. കപ്പൽ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ ഇതിനൊരു ഉദാഹരണമാണ്. ലൈബീരിയ, പനാമ പോലുള്ള രാജ്യങ്ങളിൽ കുറഞ്ഞ ചിലവിൽ പഴകിയതും നിലവാരമില്ലാത്തതുമായ കപ്പലുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം, എം.എസ്.സി എൽസ-3 പോലുള്ള കപ്പലുകൾ ഇന്ത്യൻ തീരത്ത് സർവീസ് നടത്താൻ ഇടയാക്കുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുന്നു.
ബ്രിട്ടൻ പിന്തുടരുന്ന എസ്.ഒ.എസ്.ആർ.പി. (Secretary of State's Representative) മാതൃക ഇവിടെ അനുകരണീയമാണ്. അപകടസാധ്യതയുള്ള കപ്പലുകളെ സ്വന്തം സമുദ്രാതിർത്തിയിൽ നിന്ന് തിരിച്ചയക്കാനുള്ള അധികാരം എസ്.ഒ.എസ്.ആർ.പി.ക്ക് ഉണ്ട്. കപ്പൽ രജിസ്റ്റർ ചെയ്യുന്ന ക്ലാസിഫിക്കേഷൻ സൊസൈറ്റികൾക്കും രാജ്യങ്ങൾക്കും സാമ്പത്തിക ബാധ്യത ഏർപ്പെടുത്തുന്നത്, നിലവാരമില്ലാത്ത കപ്പലുകൾ കടലിലിറങ്ങുന്നത് ഒഴിവാക്കാൻ സഹായിക്കും.

ആഗോളതലത്തിൽ മാരിടൈം നിയമങ്ങൾ കർശനമാക്കുകയും നിലവാരമില്ലാത്ത കപ്പലുകൾ സമുദ്രാതിർത്തിയിൽ എത്തുന്നത് തടയുകയും ചെയ്യേണ്ടത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ചുമതലയാണ്. അപകടങ്ങൾ ഉണ്ടാകുമ്പോൾ ദുരന്ത നിവാരണ സേനകൾ എങ്ങനെ പ്രതികരിക്കണം എന്നതു സംബന്ധിച്ച മാനദണ്ഡങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റീവ് പ്രൊസീജ്യറുകളും (SOP) തയ്യാറാക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

മാരിടൈം ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള ഇത്തരം സമഗ്രമായ നിയമ, നയപരമായ മാറ്റങ്ങൾ രാജ്യത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ നടപടികൾ വേഗത്തിലാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ഈ വിഷയത്തിൽ സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടത് നമ്മുടെ തീരങ്ങളെയും സമുദ്ര സമ്പത്തിനെയും സംരക്ഷിക്കാൻ അനിവാര്യമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img